Wednesday, October 27, 2010

പ്രണയം


ചതുപ്പായിരുന്നു പ്രണയം,
മുടിമുങ്ങും വരെ കുളിര് മാത്രം തന്ന ചതുപ്പ്..!!
ലഹരി ആയിരുന്നു നീ
-ഇരുച്ചുണ്ടുകള്‍ക്കിടയില്‍-
പിന്നൊരിക്കല്‍ പുളിച്ച കള്ളാകും വരെയ്ക്കും ...!!
പ്രാണന്‍ ആയിരുന്നു നീ,
പിന്നൊരിക്കല്‍ പ്രാണന്‍ ബലി കാക്കയ്ക്ക്
ചിറകു നല്‍കും വരേയ്ക്കും...!!
പ്രാണന്‍ ആയിരുന്നു നീ,
പിന്നൊരിക്കല്‍ പ്രാണന്‍ ബലി കാക്കയ്ക്ക്
ചിറകു നല്‍കും വരേയ്ക്കും...!!

Tuesday, October 26, 2010

ചിത


കാര മുള്ളായ്‌ എന്റെ നെഞ്ഞിലെക്കാഴുന്ന-
നീ ഇല്ലാ കൂരിരുട്ടെന്ടെ മുന്നില് !!!
കടല് പാലത്തിനരികില് നിന് മേനി ചിതയെടുക്കുമ്പോള്‍ ,
കനലെടുക്കാത്ത നിന്റെ ഓര്മകളെ-
ഏത് അഗ്നികൊണ്ടു ദഹിപ്പിക്കും !!
ബലി തര്പ്പനതിന്റെ പുഴവക്കത്തു , കാക്കകള് കാത്തു നില്ക്കെ
ചിരി നിലക്കാത്ത നിന്റെ ചുണ്ടുകളെ
ഏത് കൊക്കുകള്ക്ക് എറിഞ്ഞു കൊടുക്കും.!!
പ്രളയത്തിന്റെ പാതിരാവുകളില് ,
ഇത്തിരി ചാരവും ഒലിച്ചു പോകവേ
ഹൃദയത്തിന്റെ നടുമുറ്റത്ത് നീ പെയ്ത നനവുകള്ക്ക് ,
ഏതു പ്രളയത്തിലേക്ക് ഞാന് ചാലു കീറും ??
എങ്കിലും -
മനസിന്റെ ചിതയില്‍
അണയാത്ത കനലായി എരിയട്ടെ നീ-
വാക്ക് അറ്റ് പോകുന്ന എന്റെ നാളെകളില് ,
അവസാന വാക്കും നിന്നില് നിന്ന് പിറവി കൊള്ളാന്‍
ഓര്‍മകള്‍ കനല്‍ എടുക്കാതിരിക്കട്ടെ ..!

ഓര്‍മയ്ക്ക്


ആത്മ നഷ്ടങ്ങളെ , നീ ഇന്ന് എന്‍ ആത്മാവിന്‍
ആര്‍ദ്രതയായ് പൊടിയുന്നു...!!
കത്തും വെയിലേറ്റു പഛമണലിലെന്
പിച്ചക വാടി കനലെടുത്തീടുമ്പൊള്
നീല വിളക്കിന്റെ പടുതിരിയില് നിന്ന്,
എന്റെ ഉടയാടകള്‍ക്ക് തീ പിടീക്കുമ്പോള്‍,
വരിക നീ വീണ്ടും ഒരുകുടം തന്ണീണിരിന് ,
ഉറവയായ്‌ എന്നില്‍ പെയ്തൊഴിയാന്‍......!!!
തൊടുക നീ എന്റെ പൊള്ളുന്ന പ്രാണനില്‍,
വിരിയുമന്നെന്റെ പിച്ചകങ്ങള്‍...

വിപരീതങ്ങല്‍ക്കിടയിലൂടെ


വെളുപ്പിന്റെ വിപരീതം കറുപ്പ്..!!
വെളിച്ചത്തിന് ഇരുള്‍..!!
ശരി അല്ലാത്തത് എല്ലാം തെറ്റെന്നു വിധിച്ച
നീതിശാസ്ത്രത്തോട് എനിക്ക് വെറുപ്പാണ്...
ഞാന്‍‌ മഴവില്ലിനെ സ്നേഹിക്കുന്നു...
പൂക്കളെയും..പുഴകളെയും.. ത്രിസന്ധ്യയെയും !!
അതുകൊണ്ടാണ്..
ആറാം ഇന്ദ്രിയ കാഴ്ചയില്ലെങ്കിലും,
ഗാന്ധിയും ഗോട്സെയും മാത്രം തൂങ്ങുന്ന തുലാസില്‍
ഇടം കിട്ടാതെപോയ നിന്റെ ശരികള്‍,,
എന്റെയും ശരികള്‍ ആകുന്നത്‌...


സമര്‍പ്പണം:ബംഗാളിലെ നക്സലുകള്‍ക്ക്

പര്‍ധയും സ്പര്‍ധയും..



ഒരിക്കല്‍ അവരെന്നെ ഓത്തു പഠിപ്പിച്ചു..
ഓതി പഠിച്ച ഞാന്‍ ഓതാന്‍ പഠിച്ചു..
ജാലകത്തിനരികില്‍ കരിപിടിച്ച് അമര്‍ന്ന എന്റെ വാക്കുകള്‍..
നിന്റെ ഇരുട്ടിലെക്കൊരു ജാലകം തുറന്നു...
നീ നിഷ്കര്‍ഷിച്ച ശിരോ വസ്ത്രം അഴിച്ചു ഞാന്‍‌ ;
സ്വാതന്ത്ര്യത്തിന്റെ കിരീടം അണിഞ്ഞപ്പോള്‍ ;
ദൈവത്തിന്റെ കാവല്‍ക്കാരാ...
നിന്റെ തമസിന്റെ ആഴങ്ങളിലേക്ക് വീണ്ടും ആര് വിഷം കറന്നു..?

തെരുവ് നായ്ക്കള്‍ക്ക് പേ പിടിച്ച രാത്രിയില്‍
നീതിയുടെ ഉടവാള് മോഷണം പോയി...!!
രാജനീതിയുടെ മാളികപ്പുറത്ത് ഉടവാള് തുരുംബെടുത്തിരിക്കുന്നു ...!!
ഇപ്പോള്‍ രാജാ നീതിയുടെ ഉടവാല്‍
ദൈവത്തിന്റെ കാവലാള്‍ കൈ എത്തി പിടിച്ചിരിക്കുന്നു.
ഇതിഹാസങ്ങളെ കുരപ്പിച്ച നാളത്തെ പകലില്‍
എന്റെ മുലമുറിച്ചു നീ ജയിച്ചു വന്നേക്കാം..
തെരുവോരത്ത് തളം കെട്ടിയ എന്റെ ചോരെയില്‍ വിരല്‍മുക്കി
കാലത്തിന്റെ ചുവരില്‍ തിരുത്തെഴുതിനായ്..
ഞാന്‍‌ ഉണര്‍ന്നിരിക്കും ...
ഞാന്‍‌ ഉണര്‍ന്നിരിക്കും ...
സുഹൃത്തേ .. നീ ഉണരാത്ത തമസിന്റെ
അവസാന യാമം വരേയ്ക്കും... !

സമര്‍പ്പണം : പര്ധയനിയാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ വധ ബീഷനിയിലും.. ഇപ്പോള്‍ പോലീസ് സംരക്ഷണം എന്ന ഓമന പേരില്‍ വീട് തടഗലുമായി കഴിയുന്ന എന്റെ നാട്ടുക്കാരി റിയാന എന്ന പെണ്‍കുട്ടിക്ക് ..

രക്ത സാക്ഷി


ബലി കുടീരങ്ങള്‍ക്ക്‌ കീഴില്‍ അമര്ന്നൊരു
വിഫല സ്പനം അല്ലെന്റെ ചെന്കാഴ്ചകള്‍ ..
കഴുകനെത്തി കട കണ്ണ് കൊത്തവേ..
കുതറി മാറി തോടുത്തോരാ കാഴ്ചകള്‍.. !!
ചുടല ജ്വാലയ്ക്ക് മേലെ പറന്നൊരു
വ്രണിത കാലത്തിന്‍ നേര്‍ പകല്‍ കാഴ്ചകള്‍..

ഉണ്ണീ ഉറങ്ങു ... ഉണര്‍ത്ത് പാട്ടില്ലിനി
ഉന്മാദ ശീലിന്‍ പടിഞ്ഞാറന്‍ പാട്ടിലെന്‍
മണ്ണില്‍ മയങ്ങി നീ "മാനം" മറക്കവേ..
നിന്നില്‍ ഞാന്‍‌ വെള്ളി പിണര്‍ തന്ന കാഴ്ചകള്‍..

കാലം ഉടുപ്പിച്ച തൂ വെള്ള ചേലയില്‍ .
ചായം പകര്‍ത്തി തലപ്പാവ് തുന്നിയ
ചേലില്‍, നിന്‍ മാനം ചരക്കായ നീതിയില്‍
ചോര പൊടിപ്പിച്ച നേരിന്റെ കാഴ്ചകള്‍...
ബലി കുടീരങ്ങള്‍ക്ക്‌ കീഴില്‍ അമര്ന്നൊരു
വിഫല സ്പനം അല്ലെന്റെ ചെന്കാഴ്ചകള്‍ !!!

അങ്ങ് നിന്‍ ചോറൊക്കെ ആഴ്ഴി ഉണ്ടീടവേ
ഇങ്ങു നിന്‍ ബാല്യം വിശപ്പുണ്ട് വീഴിലും ..
പൊന്നിന്‍ കുരിശും,ശീവേലിയും നേര്‍ന്നു ,
പിന്നെയും നീ വൃഥാ അന്നം കൊതിക്കവേ ..
പൊട്ടി തെറിക്കാന്‍, പുകച്ചുരുള്‍ പിന്നിലൊരു
പുത്തന്‍ പ്രഭാതം കടം തന്ന കാഴ്ചകള്‍..
ബലി കുടീരങ്ങള്‍ക്ക്‌ കീഴില്‍ അമര്ന്നൊരു
വിഫല സ്പനം അല്ലെന്റെ ചെന്കാഴ്ചകള്‍ !!!

ചീയും തലപ്പിന്റെ നാളത്തെ ചില്ലയില്‍ ,
പൂവും ഫലങ്ങളും പൂക്കുന്ന കാഴ്ചകള്‍..
മുക്കുവ പെണ്ണിന്റെ പച്ചോല കൂരയില്‍,
അക്ഷരം കത്തും വെളിച്ചത്തിന്‍ കാഴ്ചകള്‍..
വേദമേന്തിയ രാമന്‍-മുഹമ്മതിന്‍
തോളില്‍ വേതാളം എത്താത്ത കാഴ്ചകള്‍
ബലി കുടീരങ്ങള്‍ക്ക്‌ കീഴില്‍ അമര്ന്നൊരു
വിഫല സ്പനം അല്ലെന്റെ ചെന്കാഴ്ചകള്‍ !!

തകരാത്ത മലയുടെ താഴവാര ചോട്ടിലെന്‍
നിള നീട്ടി ഒഴുകുന്ന കുളിരുള്ള കഴ്ചകള്‍ ..
ജലപാനമില്ലാതെ നീ മയന്ഗീടവേ
പ്രളയം വിഴുന്ഗാത്ത നേരിന്റെ കാഴ്ചകള്‍...
സ്വപങ്ങള്‍ എന്നോ മരിച്ച നിന്‍ നെഞ്ചിലൊരു
സ്വപ്ന ചിരാതില്‍ തിരി വെച്ച കാഴ്ചകള്‍...
ബലി കുടീരങ്ങള്‍ക്ക്‌ കീഴില്‍ അമര്ന്നൊരു
വിഫല സ്പനം അല്ലെന്റെ ചെന്കാഴ്ചകള്‍ .!!

ഇനി,
തെരുവില്‍ വേവുന്ന നിന്‍ പകല്‍ കാഴ്ചയില്‍,
കരുതിവേയ്ക്കുവിന്‍ എന്റെ നേര്‍കാഴ്ചകള്‍...
ബലി കുടീരങ്ങള്‍ക്ക്‌ കീഴില്‍ അമര്ന്നൊരു
വിഫല സ്പനം അല്ലെന്റെ ചെന്കാഴ്ചകള്‍ .!!

സമര്‍പ്പണം
ഒരു പുത്തന്‍ പ്രഭാതത്തിന്റെ സ്വപ്‌നങ്ങള്‍ക്കുമേലെ ഭരണകൂടത്തിന്റെ ഭീകരത അഴിഞ്ഞാടിയപ്പോള്‍ പൊഴിഞ്ഞു പോയ രക്ത നക്ഷത്രത്തിന്
--

വല്യമ്മയുടെ പൊട്ട കണ്ണ്


കണ്ണ് കാണാത്ത വല്യമ്മക്ക് തൊന്നൂര്‍ ആയിരുന്നു പ്രായം .!!
ഉടഞ്ഞ നാലുകെട്ടിന്റെ ഉമ്മറത്ത്‌ ഒരു രൂപം..!!
വരണ്ട മുറ്റത് ഒരു ആളനക്കം..
"ഉണ്ണിയെ വിഷം തീണ്ടി."...
അറുപതില്‍ എത്തിയ മകന്റെ പരി വേദനം ..!!
"വിഷം ഇറക്കാം...
പാടം കടന്നു നീ ചെല്ലുക...
പുഴകടന്നക്കരെ ചെല്ലുക...
യക്ഷി കുന്നിന്റെ മേലേക്ക് പോവുക..
പച്ചക്കാട്ടിലെ കച്ചോല പുല്ലും...
പിച്ചകപൂവും.. നന്നാറി വേരും .."
വിഷമരുന്നിന്റെ കുറിപ്പ് നല്ക്മ്പോള്‍ ..
വല്യമ്മക്ക് അറിയില്ലായിരുന്നു,
പാടത്തിപ്പോള്‍ ഔസേപ്പിന്റെ മണി മാളിക ആണെന്നും...
പുഴയിലിപ്പോള്‍ വരണ്ട നിലവിളിയനെന്നും...
യക്ഷി കുന്നിനെ യന്ത്രം തിന്നെന്നും..
പച്ചനിശ്വാസങ്ങളില്‍ തീമഴ പെയ്തെന്നും..
.....................................................
.....................................................
ഉണ്ണിക്കു മുന്‍പേ...
തലമുറകള്‍ക്ക് വിഷം തീണ്ടി ഇരുന്നെന്നും...!!
ഒന്നും ഒന്നും വല്യമ്മക്ക് അറിയില്ലായിരുന്നു ...!!