Tuesday, November 9, 2010

എന്ടോസള്‍ഫാന്‍ - കാസറഗോഡ് സംഭവിച്ചതെന്ത് ? സംഭവിക്കുന്നത്‌എന്ത് ?




കാസര്ഗോഡ് ജില്ലയിലെ എന്റെ കൊച്ചു ഗ്രാമത്തിലെ കുട്ടിക്കാലത്തിലേക്ക് ഒന്ന് പിന്തിരിഞ്ഞു നോക്കിയപ്പോള്‍ വിസ്മൃതിയില്‍ ആകാത്ത ഒരു കാഴ്ചയുണ്ട്. ഇരമ്പുന്ന ശബ്ദ ഘോഷങ്ങളുമായി തലങ്ങും വിലങ്ങും കൈ എത്തും ഉയരത്തിലൂടെ പറന്നു പോകുന്ന കൂറ്റന്‍ ഹെലികോപ്ടറുകള്‍ .അന്ന് ശബ്ദ മുഖരിതമായ ആ കാഴ്ചകള്‍ കുട്ടിക്കാലത്തിന്റെ ആവേശം ആയിരുന്നു എങ്കില്‍, ഇരുപത്തി അഞ്ച്‌ വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍‌ തിരിച്ചറിയുന്നു,കാസര്ഗോഡ് ജില്ലയിലെ നാലായിരത്തി അഞ്ഞൂറോളം ഏക്കര്‍ വരുന്ന സര്‍ക്കാര്‍ വക കശുമാവിന്‍ തോട്ടങ്ങളുടെ പരിസരങ്ങലില്‍ പതിനൊന് പഞ്ചായത്തുകളില്‍ ആയി ജീവിക്കുന്ന അയ്യായിരത്തില്‍ ഏറെ വരുന്ന പാവപ്പെട്ട ജനങ്ങളുടെ ഒരിക്കലും അവസാനിക്കാത്ത നിലവിളികളുടെ തുടക്കം ആയിരുന്നു ആ ആരവങ്ങള്‍ എന്ന്.
ആറു വര്‍ഷങ്ങള്‍ക്കപ്പുറം കാസര്ഗോഡ് ജില്ലയിലെ എന്ടോസള്‍ഫാന്‍ ബാതിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒരു സംഘടനയുമായി ബന്തപെട്ടു അവസരം ലഭിച്ചപ്പോള്‍ ഞങ്ങള്‍ കണ്ട കരളലിയിപ്പിക്കുന്ന കാഴ്ചകള്‍, ഈ മേഘയിലെ എന്ടോസള്‍ഫാന്‍ ദുരന്തത്തിനെ കുറിച്ച് മാധ്യമങ്ങള്‍ പുറം ലോകത്തിനു കാണിച്ചു കൊടുത്തതിന്റെ എത്രയോ മടങ്ങ്‌ ബീകരമായിരുന്നു. വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ ആകാത്ത ഹൃദയ ഭേദകമായ കാഴ്ചകള്‍. തലമാത്രം വളര്‍ന്നു വീര്‍ത്ത പിഞ്ചു കുഞ്ഞുങ്ങള്‍...ജനിച്ച നാള്‍ മുതല്‍ നിര്‍ത്താതെ വര്‍ഷങ്ങളായി കരഞ്ഞു കൊണ്ടിരിക്കുന്ന കുഞ്ഞ്‌ .. കണ്ണും നാവും ഇല്ലാത്ത ബാല്യങ്ങള്‍ .. ജനിച്ചശേഷം ഒരിക്കല്‍ പോലും നിവര്‍ന്നു നിക്കാന്‍ ആകാതെ ഇന്നും തറയില്‍ ഇഴയുന്ന യൌവങ്ങള്‍ .. മാനസിക വൈകല്യം ബാധിച്ചു പിച്ചും പേയും പറയുന്നവര്‍.. പലതരത്തിലുള്ള അര്‍ബുദം ബാധിച്ചവര്‍ .. ദേഹമാസകലം പൊട്ടി പഴുത്ത വൃണങ്ങളുമായി ജീവിതത്തോട് മല്ലടിക്കുന്നവര്‍.മാംസ പിന്ടങ്ങളെ മാത്രം ഗര്‍ഭം ധരിക്കാന്‍ വിധിക്കപെട്ട യുവതികള്‍ ..അപസ്മാര രോഗികള്‍ . സഹോദരങ്ങളുടെ നിസ്സഹായ അവസ്ഥയില്‍ മനം നൊന്തു ആത്മഹത്യക്ക് ഇറങ്ങിയ കൌമാരങ്ങള്‍ .. യുവത്വത്തില്‍ എത്തിയ മകന്റെ പാതി നിലച്ച ശരീരം തോളില്‍ ഏറ്റി പൊട്ടിക്കരയുന്ന അമ്മമാര്‍.!!നീണ്ട ഇരുപതു വര്‍ഷക്കാലം എന്ടോസള്‍ഫാന്‍ എന്ന മാരക വിഷം ഒരു ജനതയുടെ മേല്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് തളിച്ചതിന്റെ ബാകി പത്രങ്ങളുടെ ഒരു ചെറിയ ചിത്രമായിരുന്നു അത് . രാജപുരം , ചീമേനി .പുല്ലൂര്‍ പെരിയ പഞ്ചായത്തുകള്‍ സന്ദര്‍ശിച്ചു ഞങ്ങള്‍ ഭാഷാ ന്യുന പക്ഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന വടക്കന്‍ കാസര്ഗോടിലെത്തി, പദ്രയിലെയും എന്മാകജെയിലെയും മുല്ലെരിയയിലെയും ബെല്ലുരിലെയും പട്ടിണി പാവങ്ങള്‍ ആയി തീര്‍ന്ന രോഗികള്‍ ഞങ്ങളോട് സംവദിച്ച ഭാഷ കന്നടയോ തുളുവോ ആയിരുന്നില്ല , അത് കണ്ണീരിന്റെയും വേദനയുടെയും നിസാഹയതയുടെയും ഭാഷയായിരുന്നു ..നീണ്ട മുപ്പതു വര്‍ഷങ്ങളായിട്ടും കേന്ത്രതിലെയും കേരളത്തിലെയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മനസിലകാതിരുന്ന സാധാരണക്കാരന്റെ ഭാഷ.

ആയിരത്തി തൊള്ളായിരത്തി എഴുപതുകളുടെ അവസാന പാദത്തില്‍ തന്നെ സര്‍ക്കാര്‍ കശുവണ്ടി തോട്ടങ്ങളില്‍ കീട നിയന്ത്രണത്തിനായി എന്ടോസള്‍ഫാന്‍ ഉപയോഗിച്ച് തുടങ്ങി ഇരുന്നു എങ്കിലും,എന്പതുകളോടെ അത് കാസര്ഗോടിന്റെ പതിനൊന്നു പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന കശുമാവിന്‍ തോട്ടങ്ങളില്‍ വ്യാപകമായ രീതിയില്‍ ഉപയോഗിച്ച് തുടങ്ങി.ഇരുപതു വര്‍ഷക്കാലം തുടര്‍ച്ചയായി നടത്തിയ ഈ കീടനാശിനി പ്രയോഗം ഈ മേഘയിലെ മണ്ണും വായുവും ജലാശയങ്ങളും വിഷളിപ്തമാക്കി. തലമുറകളുടെ ജനിതക ഘടനയെ തന്നെ സാരമായി ബാധിച്ചു. ആയിരങ്ങളെ കശാപുചെയ്തു.. അതിലേറെ പേരെ നിത്യ രോഗികളാക്കി തീര്‍ത്തു.മസ്തിഷ്കവും നാടി ഞരമ്പുകളും തളര്‍ത്തി ഇട്ടു..എന്തിനു,ഗര്‍ഭ പാത്രവും മുലപ്പാലും വരെ വിഷമയമാക്കിയെന്നു പിന്നീട് വന്ന പഠനങ്ങള്‍ അടി വരയിട്ടു സമര്‍തതിച്ചു

കാസര്ഗോഡ് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ കശുമാവ് തോട്ടങ്ങളിലും ഹെലികപ്ടോര്‍ സംവിധാനം ഉപയോഗിച്ചുള്ള ഏരിയല്‍ സ്പ്രേയിംഗ് സിസ്റ്റം ആണ് കീടനാശിനി പ്രയോഗത്തിനായി പിന്തുടര്‍ന്ന് പോന്നത്. ഇത്തരത്തില്‍ മാരകമായ കീടനാശിനികള്‍ തളിക്കുംപോള്‍ പാലിക്കേണ്ട ഗവര്‍മെന്റ് മനധണ്ടാങ്ങളെ കാറ്റില്‍ പറതിക്കൊണ്ടായിരുന്നു ഇരുപതു വര്‍ഷക്കാലം ഒരു ജനതയുടെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും മേലെ സര്‍ക്കാര്‍ എജെന്സികള്‍ തന്നെ വിഷം ചീറ്റിയത്.കീട നാശിനിയുടെ ഘാടതയിലും,ഹെലികപ്ടോര്‍ സംവിധാനം ഉപയോഗിച്ച് എന്ടോ സുല്ഫന്‍ തളിക്കുംപോള്‍ പാലിക്കേണ്ട ഉയരത്തിന്റെ കാര്യത്തിലുമുള്ള സാമാന്യ നിയമങ്ങള്‍ എങ്കിലും സര്‍ക്കാര്‍ പാലിച്ചിരുന്നു എങ്കില്‍,കാസര്ഗോടിന്റെ ദുരന്തത്തിന്റെ ഇന്നത്തെ വ്യാപ്തി എങ്കിലും കുറയ്ക്കാം ആയിരുന്നു. പകരം,അതി ഘാട്തയുള്ള എന്ടോസള്‍ഫാന്‍ നിയന്ത്രിതമായ ഉയരത്തിലും പതിന്‍ മടങ്ങ്‌ മേലെ നിന്ന് ഹെലികപ്ടോര്‍ ഉപയോഗിച്ച് തളിച്ചപ്പോള്‍ കാറ്റില്‍ പറന്ന കീടനാശിനി കിലോ മീറ്ററുകള്‍ ചുറ്റളവില്‍ ഉള്ള അന്തരീക്ഷത്തെയും മണ്ണിനെയും കുടി വെള്ള സ്രോതസുകളെയും വിഷലിപ്തമക്കുകയായിരുന്നു.ഒന്നു രണ്ടു ദിവസങ്ങള്‍ അല്ല.. നീണ്ട ഇരുപതു വര്‍ഷങ്ങള്‍ !! കാസര്‍ഗോഡ്‌ ജില്ലയിലെ സവിശേഷമായ ഭൂഘടന ഉയര്‍ന്ന പ്രതേശങ്ങളില്‍ തളിച്ച മാരക വിഷം താഴ്വരങ്ങളിലെ ജലസ്രോതസുകളിലേക്ക് വളരെ വേഗത്തില്‍ ഒലിച്ചിറങ്ങാന്‍ ഇടയാക്കിയത് ഇവിടുത്തെ ദുരന്തത്തിന് വേഗതയും ആഴവും വര്‍ധിപ്പിച്ചു.

ഇരുപതു വര്‍ഷത്തെ കണക്കെടുത്ത് പരിശോദിച്ചാല്‍ ഈ പ്രദേശത്ത് ജനിതക രോഗങ്ങളും മാരകമായ അര്ബുദങ്ങളും,പേരറിയാത്ത മറ്റു നിരവധി രോഗങ്ങളും ബാധിച്ചു മരിച്ചവരുടെ എണ്ണം ദേശീയ ശരാശരിയുടെ എത്രയോ മടങ്ങ്‌ വലുതാണ്. കണക്കു കളില്‍ പെടാതെ മരിച്ച ഗര്‍ഭസ്ഥ ശിശുക്കളുടെയും, നവജാത ശിശുക്കളുടെയും എണ്ണം വേറെ ഉണ്ട്. വേദനയും മാനസിക പിരിമുറുക്കവും മൂലം ആത്മഹത്യയില്‍ അഭയം തേടിയ മറ്റൊരു വലിയ സംഖ്യ കണക്കുകള്‍ക്ക്‌ പുറത്തുണ്ട്.ഇവയ്ക്കെല്ലാം ഉപരിയായി ജീവ്ച്ചവങ്ങളായി മരണത്തോട് മല്ലടിച്ചുകൊണ്ട് ജീവിക്കുന്ന നിത്യ രോഗികളുടെ വലിയ എണ്ണവും കൂട്ടി ചേര്‍ത്ത് വായിക്കുമ്പോള്‍ കാസര്‍ഗോട്ടെ എന്ടോ സുല്ഫാന്‍ ദുരന്തത്തിന്റെ ആഴവും പരപ്പും വ്യക്തമാകും.
എന്ടോ സുല്ഫാന്‍ ഉപയോഗിച്ച് തുടങ്ങിയ ആദ്യ കാലങ്ങളില്‍ തന്നെ പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കൃഷി ഓഫീസര്‍ ആയിരുന്ന ശ്രീമതി ലീലാകുമാരി,ഈ പ്രദേശത്തെ ജനിതക വൈകല്യങ്ങള്‍ നിരീക്ഷികുകയും അസ്വാഭാവികമായ ആരോഗ്യ പ്രശ്നങ്ങള്‍ പൊതുജന ശ്രദ്ധയില്‍ കൊണ്ട് വന്നതുമാണ്. അതോടൊപ്പം തന്നെ എന്മാകജയിലെ ഡോക്ടര്‍ മോഹന്‍ കുമാര്‍ തന്റെ പ്രദേശത്തെ രോഗികളെ നിരന്തരം നിരീക്ഷിച്ചു കൊണ്ട്,അവരിലുണ്ടാകുന്ന അസ്വാഭാവികമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് എന്ടോസള്‍ഫാന്‍ കാരണമാകുന്നു എന്ന് മെഡിക്കല്‍ മാഗസിനുകളില്‍ റിപ്പോര്‍ട്ട്‌ ചെയ്തതാണ്. പിന്നീടു ഇങ്ങോട്ട് നിരവധി സര്‍വേകള്‍.. റിപ്പോര്‍ട്ടുകള്‍ ..
INTACH റിസേര്‍ച് അസോസിയേറ്റ് എസ്‌.ഉഷ നടത്തിയ പഠനത്തിലും,SEEK( SOCIETY FOR ENVIORNMENTAL EDUCATION IN KERALA ) പഠനത്തിലും,"തണല്‍" പരിസ്ഥിതി സംഘടന നടത്തിയ പഠനത്തിലും സര്‍ക്കാര്‍ എജെന്സിയായ National Institute Of Occupational Health (NIOH) നടത്തിയ പഠനങ്ങളിലും എന്‍ഡോസള്‍ഫാന്‍ ഈ പ്രതേശത്തെ ആവാസ വ്യസ്ഥയെ എത്രകണ്ട് പ്രതികൂലമായി ഭാതിച്ചിരിക്കുന്നു എന്ന് വിശദമായ റിപോര്ടുകളോടെ സമര്തിച്ചതാണ്.

സ്ഥിതിഗതികള്‍ ഇതൊക്കെ ആയിട്ടും കേരളത്തിലെയും കേന്ത്രതിലെയും ഉത്തരവധപെട്ട സക്കാര്‍ സംവിധാനങ്ങള്‍ മൌനം പാലിക്കുന്നത് എന്തുകൊണ്ട്? സര്‍ക്കാര്‍ എജെന്സികള്‍ നേരിട്ട് ഇടപെട്ടു നടത്തിയ ഈ വിഷം ചീട്ടലിന്റെ അന്യേഷണ-പഠനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ രണ്ടു ദശക കാലമായിട്ടും എന്ത് കൊണ്ട് സാധ്യമാകുന്നില്ല?
സര്‍ക്കാര്‍- നിയന്ത്രണത്തിലും അല്ലാത്തതുമായ സംവിധാങ്ങള്‍ നടത്തിയ പഠന റിപ്പോര്‍ട്ടുകള്‍ എന്തുകൊണ്ട് സര്‍ക്കാര്‍ മുഘവിലക്കെടുക്കുന്നില്ല?
വീണ്ടും ഒരു പഠനം കൂടി നടത്തികൊണ്ട്,പുനരധിവാസത്തിനും ചികിത്സക്കും ഈ നാടിലെ രോഗ ബാതിതര്‍ക്ക് കിട്ടേണ്ട സഹായങ്ങളെ നീട്ടി കൊണ്ട് പോകുന്നതും,സര്‍ക്കാര്‍ എന്ടോസള്‍ഫാന്റെ നാവായി മാറുന്നതും ആരുടെ താല്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് ?
ഉത്തരം ലളിതമാണ് ,ഇന്ത്യയിലെ ഭരണ സംവിധങ്ങളുടെയും ജനസേവകര്‍ എന്ന് അവകാശപെടുന്ന രാഷ്ട്രീയ നേതാക്കളുടെയും കണ്ണുകള്‍ കേന്ത്രീകരിചിരിക്കുന്നതു കോടിക്കണക്കിനു രൂപയുടെ മൂലധനമുള്ള എന്ടോസള്‍ഫാന്‍ കമ്പനിയുടെലാബവിഹിതത്തിലേക്ക് ആണ്. അതുകൊണ്ട് തന്നെയാണ് കാസര്ഗോടിന്റെ മണ്ണില്‍ വെച്ച് കഥയറിയാതെ ആട്ടം കണ്ട മന്ത്രി കെ വി തോമസ്‌ എന്ടോസല്ഫന്റെ സ്തുതി പാടകന്‍ ആയത്.അതുകൊണ്ട് തന്നെയാണ് ലോക രാജ്യങ്ങള്‍ എല്ലാം തന്നെ എന്ടോസള്‍ഫാന്‍ നിരോധനം ആവശ്യപെട്ടപ്പോള്‍, ജനീവയില്‍ ജാനാതി പത്യ ഇന്ത്യ നാണം കെട്ടുകൊണ്ട് എന്ടോസള്‍ഫാന്റെ വക്താവായി സംസാരിച്ചതും.

മുപ്പതു വര്‍ഷം നീണ്ട ഇടവേളയില്‍ കേന്ദ്രവും കേരളവും വിവിധ രാഷ്ട്രീയ കക്ഷികള്‍ മാറി മാറി ഭരിച്ചപ്പോളും , കാസര്ഗോടിന്റെ ഈ ദുരവസ്തയോട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്നു.ആണ്ടു നേര്ച്ചപോലെ കാസര്‍ഗോഡ് ഹോസങ്ങടി മുതല്‍ തിരുവനതം വരെ തേരോട്ടം നടത്തുന്ന രാഷ്ട്രീയ നതാക്കള്‍ അവര്‍ കാസര്ഗോടിലൂടെ കടന്നുപോയപ്പോള്‍ ഇരു വശങ്ങളില്‍ നിന്നും കാലങ്ങളായി ഉയരുന്ന ഈ നിത്യ രോഗികളുടെ നിലവിളികള്‍ക്കു എന്നെകിലും ക്കാത് കൊടുതിടുണ്ടോ? ഉണ്ടായിരുന്നു എങ്കില്‍,നിത്യരോഗികളും പട്ടിണി പാവങ്ങളും ആയി തീര്‍ന്ന ഈ ജനവിഭാഗത്തിന്റെ പുനരധിവാസത്തിനും തുടര്‍ ചികിത്സയ്ക്കും വേണ്ട വാതിലുകള്‍ തുറന്നു കിട്ടാന്‍ നീണ്ട ഇരുപതു വര്‍ഷ കാലമായി തുടരുന്ന കാത്തിരുപ്പ്,ഇപ്പോളും തുടരേണ്ടി വരുമായിരുന്നില്ല.
എന്നിട്ടും,തളര്‍ന്നു വീണ രോഗിയുടെ ശരീരം പൊക്കിയെടുത്തു പോളിംഗ് ബൂത്തിലെ വോട്ടാക്കി മാറ്റുന്ന നെറികേടിന്റെ രാഷ്ട്രീയമാണ് കാസര്ഗോടിന്റെ ദുരന്തം ഇത്രയ്ക്കും തീവ്രമാക്കിയത്. വോട്ടു ബാങ്കുകള്‍ മാത്രം ലക്‌ഷ്യം വെക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്‌,മനുഷ്യത്വത്തിന്റെ അംശങ്ങള്‍ നഷ്ടമായതിന്റെ ബഹിര്സ്പുരണങ്ങള്‍ തന്നെയാണ് അവസാനമായി ഒരു മന്ത്രി പുങ്ങവനിലൂടെ ശ്രവിക്കനായതും.
കാസര്ഗോടിന്റെ ദുരന്തത്തിന് എന്ടോസള്‍ഫാന്‍ കാരണമല്ല എന്ന് ജനസേവകര്‍ എന്ന് പറയുന്ന രാഷ്ട്രീയ നേതാക്കളും , പാരിസ്ഥിതി ശാസ്ത്രജ്ഞര്‍ എന്ന് വിളിക്കപെടുന്ന ഒരു പറ്റം കീടനാശിനി കമ്പനികളുടെ ദല്ലാളന്മാരും ഇനിയും ആണ ഇട്ടേക്കാം "എന്ടോ സുല്ഫാന്‍ ആണ് രോഗ കാരണം എന്ന് നിങ്ങള്‍ തെളിയിക്കു " എന്ന് മല്ലനെ പോലെ ഇവര്‍ പാവങ്ങളായ രോഗികളെ നോക്കി വെല്ലു വിളിച്ചേക്കാം! വിവിധ സര്‍ക്കാര്‍ എജെന്സികളുടെ വിശ്വാസ യോഗ്യമായ നിഷ്പക്ഷ റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തിവെച്ചു കൊണ്ട് ഇനിയും ഒരു ദുബായ് കമ്മിറ്റിയെ കൊണ്ട് അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും വിളിച്ചു പറയിചെക്കാം. അവരോടു ഈ പാവപെട്ട രോഗികള്‍ക്ക് തിരിച്ചു ഒന്ന് മാത്രമേ ചോദിയ്ക്കാന്‍ ഉള്ളൂ- "ഞങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനെ കവര്‍ന്നെടുത്തതും,അമ്മയുടെ വയറ്റിനുള്ളില്‍ വെച്ചേ ഞങ്ങളെ രോഗിയാകിയതും സര്‍ക്കാരും എന്ടോസല്ഫാനും ചേര്‍ന്ന് അല്ലെന്നു തെളിയിക്കാന്‍ നിങ്ങള്‍ക്കാവുമോ ?? " ആവുമെങ്കില്‍ ആ ചങ്കൂറ്റം എങ്കിലും സര്‍ക്കാര്‍ കാണിക്കട്ടെ.

ബോപാലില്‍ യുനിയന്‍ കാര്‍ബൈഡ് ഫാക്ടറി നടത്തിയതും,ഒറീസയില്‍ വേതാന്ത നടത്തികൊണ്ടിരിക്കുന്നതുമായ സമാനമായ പരിസ്ഥിതി ആരോഗ്യ പ്രശ്നങ്ങളോട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കാള്‍ ശ്രദ്ധ അര്‍ഹിക്കെണ്ടാതാണ് കാസര്ഗോടിന്റെ എന്ടോസള്‍ഫാന്‍ ദുരന്തം.കാരണം,ഇത് സര്‍ക്കാര്‍ തന്നെ സര്‍ക്കാര്‍ സംവിധാങ്ങള്‍ ഉപയോഗിച്ച നടത്തിയ മനുഷ്യ കുരുതിയാണ്.എന്നിട്ടും എന്തുകൊണ്ട് ഒരു മന്ത്രിയുടെ വിടുവായത്തം പോലുള്ള സംഭവങ്ങളില്‍ കൂടി മാത്രം ഈ പ്രശ്നം മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു? ദരിദ്രരും പട്ടിണി പാവങ്ങളും,ഉന്നത വിദ്യാഭ്യാസം ഇല്ലാത്തവരുമായ ഈ പ്രദേശത്തെ ജനങ്ങള്‍ക്ക്‌ ഇന്ത്യന്‍ പൌരന്‍ എന്നുള്ള വില നല്‍കാന്‍ എന്തുകൊണ്ട് കാലതാമസം വരുന്നു? എന്തുകൊണ്ട് അധികാര വര്‍ഗത്തിന് കാസര്ഗോടിന്റെ നിലവിളി അരോചകം ആകുന്നു? മറ്റു വിദേശരാജ്യങ്ങള്‍ നിരോധനO എര്പെടുതുംപോളും ഇന്ത്യക്ക് മാത്രം എന്ടോസള്‍ഫാന്‍ എന്തുകൊണ്ട് പ്രിയങ്കരന്‍ ആകുന്നു ?

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ബാധ്യസ്തന്‍ ആയ മന്ത്രി പുങ്ങവന്മാര്‍ അവരോടു സഹതാപിക്കേണ്ട ..മറിച്ച് കൊഞ്ഞനം കുത്തരുത്, അവരുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പരുത്.നീതി ബോധം ഇല്ലാത്ത രാജാക്കന്മാര്‍ ഓര്‍ക്കുക, കക്ഷി രാഷ്ട്രീയത്തിന്റെ കപടത ഇല്ലാത്ത പരിസ്ഥിതി - മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സമര പ്രതിരോധങ്ങളിലൂടെ ഞങ്ങള്‍ ഈ സമൂഹത്തിനെ പുനസൃഷ്ടിക്കും- ഒര്പാട് തവണ തകര്‍ക്ക പെട്ട ബാബിലോണ പിന്നെയും പണിത് ഉയര്‍ത്തിയത്‌ ആരാണ്?? കല്ല്‌ ചുമന്നതും ഭാരം വലിച്ചതും രാജാകന്മാര്‍ ആയിരുന്നില്ലലോ..!!

1 comment: