Tuesday, February 14, 2012

ഭൂമി വിവാദം:, യാഥാര്‍ത്യവും, വിജിലന്‍സ് കേസിന്റെ പിന്നാമ്പുറവും

കള്ളന്‍ വരുന്നേ കള്ളന്‍ വരുന്നേ എന്ന് വിളിച്ചുകൂവി ആള്‍ക്കൂട്ടത്തിനിടയിലൂടെ ഓടി രക്ഷപെടുന്ന കള്ളന്റെ കഥ ഏറെ പ്രസിദ്ധമാണ് . കേരളത്തിലെ യു ഡി എഫ് നേതൃത്വം വീ എസ് അച്ചുതാനന്ദനെ ലക്‌ഷ്യം വെച്ച് അഴിമതി കഥകള്‍ വിളിച്ചു കൂവി കേരളത്തിലെ പൊതു ജനങ്ങള്‍ക്ക്‌ ഇടയിലൂടെ ഓടുമ്പോള്‍ കേരളീയ സമൂഹം ഓര്‍ത്തെടുക്കുന്നത് കൌശലക്കാരനായ ആ കള്ളന്റെ കഥ തന്നെയാണ്. അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തി വാഴുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഏഴു പതിറ്റാണ്ടിന്റെ കറകളഞ്ഞ പാരമ്പര്യവുമായാണ് വി എസ് ‍ കേരളീയ സമൂഹത്തില്‍ നിലകൊള്ളുന്നത്. അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ ലക്‌ഷ്യം വെച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നില്ല വീ എസിന്റെതെന്നു അദ്ധേഹത്തിന്റെ രാഷ്ടീരീയ ജീവിതത്തിലെ ഇന്നലെകളിലേക്ക് കണ്ണോടിക്കുന്ന ഏതൊരാള്‍ക്കും വ്യക്തമാവുന്നതാണ്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കേരളീയ സമൂഹത്തിന്റെ നിര്‍ണായകമായ സമര പോരാട്ടങ്ങളുടെ അമരക്കാരനായി വീ എസ് കേരള ജനതയ്ക്ക് ഒപ്പമുണ്ടായിര്‍ന്നു . അഴിമതിക്കും പെണ്‍ വാണി ഭത്തിനും ,മാഫിയകള്‍ക്കും എതിരായും ,കുടിവെള്ളത്തിനും കുടി കിടപ്പവകാശത്തിനും ഉള്ള പോരാട്ടങ്ങളിലും അദ്ദേഹം ജനപക്ഷത്തു നിന്ന് പോരാടി . ആ സമര പോരാട്ടങ്ങളില്‍ അദ്ദേഹത്തില്‍ ‍ ജനം കണ്ട വിശ്വാസ്യതയും, അത്മാര്‍ ത്തതയുമായിരുന്നു കേരളത്തിന്റെ ഭരണാധികാരം പിന്നീട് ‍ അദേഹത്തെ ഏല്‍പ്പിക്കാന്‍ കേരള ജനത തീരുമാനിച്ചതിലെ ചെതോവികാരം. ചില പടല പിണക്കങ്ങള്‍ വിനയായില്ലാ യിരുന്നെങ്കില്‍ 2011 ലും കേരളത്തിന്റെ ഭരണ ചക്രം തിരിക്കാനുള്ള അധികാരം ജനം അദ്ദേഹത്തില്‍ ഏല്‍ക്കുമായിരുന്നെന്നു തെരഞ്ഞെടുപ്പു അവലോകനം ചെയ്ത മാധ്യമങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്.

ഇത്രയും എഴുതേണ്ടി വന്നത് വിജിലെന്‍സ് എന്നാ ഉമ്മന്‍ ചാണ്ടിയുടെ ചട്ടുകം കൊണ്ട് എളുപ്പത്തില്‍ മറിച്ചിടാവുന്നതല്ല ജനമനസുകളില്‍ വീ എസ് എന്ന കമ്യുണിസ്റ്റ് നേതാവിനുള്ള സ്ഥാനം എന്ന് ആമുഖമായി സൂചിപ്പിക്കാന്‍ വേണ്ടിയാണ്.

വി എസ് അച്ചുതാനന്ദനെ ഒന്നാം പ്രതിയാക്കി കൊണ്ട് വിജിലന്‍സ് എഫ് ഐ അര്‍ സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ , കേരളത്തിലെ യു ഡി എഫ് നേതൃത്വം അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും വിളിച്ചു പറഞ്ഞുകൊണ്ട് അദേഹത്തെ കടന്നാക്രമിക്കുകയാണ്. പതിവ് പോലെ കേരളത്തിലെ ബൂര്‍ഷ്വാ മാധ്യമങ്ങള്‍ ‍ കുഴലൂത്തുകാരെ വട്ടമേശക്കു ചുറ്റും വിളിച്ചിരുത്തി ഈ അവസരം പൊടിപ്പും തൊങ്ങലും വെച്ച് ആഘോഷിക്കുകയാണ്. യു ഡി എഫിനെ സംബന്ധിച്ചടുതോളം വ്യക്തമായ അജണ്ട ഭൂമി വിവാദവുമായി ബന്ധപ്പെട്ട ട്ട വിജിലന്‍സ് കേസിന് പിന്നില്‍ ഉണ്ടായിരിക്കാം. അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും വിളിച്ചു പറയേണ്ടത് അവരുടെ രാഷ്ട്രീയ ആവശ്യമായിരിക്കാം. പക്ഷെ , മാധ്യമങ്ങളുടെ അജണ്ട അങ്ങനെ ആകേണ്ടതുണ്ടോ ? ഉദ്ദിഷ്ട കാര്യത്തിനു ഉപകാര സ്മരണ എന്ന വണ്ണം ഉച്ചയൂണ് കഴിഞ്ഞുള്ള ഉലാത്തലിന്റെ വക ബേധങ്ങള്‍ വരെ തുടര്‍ ക ഥകള്‍ ആക്കി മലയാളിക്ക് വിളമ്പുന്ന മാധ്യമങ്ങള്‍ എന്തുകൊണ്ട് ഭൂമി വിവാദത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ പറഞ്ഞു മുഴുമിക്കുന്നില്ല? കാടടച്ചു വെടി വെക്കുന്ന യു ഡി എഫ് നയമാകരുത് മാധ്യമങ്ങളുടെത് . സാമൂഹികമായ വലിയ ഉത്തരവാദിത്വമുള്ള മാധ്യമങ്ങള്‍ ‍ വസ്തുതകള്‍ വസ്തുതകള്‍ ആയി തന്നെ വ്യക്തതയോടെ അവതരിപ്പിക്കേണ്ടി ഇരിക്കുന്നു.
രണ്ടു നാളായി നടത്തുന്ന മാധ്യമ വിചാരണകള്‍ കാണുന്ന സാധാരണ ജനങ്ങള്‍, വീ എസ് എന്തോ മഹാപരാധം ചെയ്തിരിക്കുന്നു എന്ന് ചിന്തിച്ചു പോകുന്നു എങ്കില്‍ യു ഡി എഫ് അവരുടെ ലക്‌ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ വിജയിച്ചിരിക്കുന്നു എന്നുവേണം വിലയിരുത്താന്‍ . ടൂ ജീ സ്പെക്ട്രം ,ആദര്‍ശ് ഫ്ലാറ്റ് , കോമണ്‍ വെല്‍ത്ത് , പാമോയില്‍ .....എന്നിങ്ങനെ അഴിമതിയുടെ വീര കഥകള്‍ കേട്ട് മനം മടുത്തിരിക്കുന്ന ജനങ്ങള്‍ക്കിടയിലേക്കു വീ എസ് അച്ചുതാന്ദന്‍ എന്ന അഴിമതി വിരുദ്ധ പോരാളിയെ തന്നെ മുന്നില്‍ നിര്‍ത്തി അഴിമതിയുടെ തന്നെ മറ്റൊരു കെട്ടുകഥ വിളിച്ചു കൂവുമ്പോള്‍ ‍ ഉണ്ടാകുന്ന സ്വാഭാവികമായ ജനവികാരം താല്‍ക്കാലികമായി തങ്ങള്‍ക്കനുകൂലം ആക്കാം എന്നും, അത് വരാന്‍ പോകുന്ന പിറവം തിരഞ്ഞെടുപ്പിന്റെ വിജയത്തിന് പ്രയോജനമാകും എന്നും യു ഡീ എഫ് കണക്കു കൂട്ടുന്നുണ്ടാകാം . അല്ലാതെ വീ എസിനെ കൈയാമം വെക്കുക എന്നാ ലക്ഷ്യമൊന്നും ബാലിശമായ ഒരു കേസിന്റെ പിന്നില്‍ സ്വപ്നം കാണാന്‍ മാത്രം വിഡ്ഢികള്‍ ആയിരിക്കില്ല യു ഡീ എഫ് നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ ആരും തന്നെ. താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി രാഷ്ട്രീയ മര്യാദകളുടെ പരിധി ലംഗിക്കുന്നവര്‍ ഒന്ന് തിരിച്ചറിയേണ്ടി ഇരിക്കുന്നു. സത്യം താല്‍ക്കാലികമായി മറച്ചുവെക്കാം മായ്ച്ചുകളയാന്‍ പറ്റില്ല .

കാസര്‍ഗോട്ടെ ഭൂമി ,വിമുക്ത ഭടനും വീ എസിന്റെ ബന്തുവുമായ സോമന് അനധികൃതമായി പതിച്ചു നല്‍കി എന്നതുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് കേസിന് അടിസ്ഥാനമായ സംഭവം.
മുഖ്യധാരാ മാധ്യമങ്ങള്‍ മനപ്പൂര്‍വം പറയാതെ പോകുന്ന ഈ കേസിലെ യാഥാര്‍ത്ഥ്യം എന്താണ് ?
1977 ഏപ്രില്‍ പതിനാറിന് ശ്രീ കെ കരുണാകരന്‍ മുഖ്യമന്ത്രി ആയ സമയത്താണ് കണ്ണൂരില്‍ സൈനിക ആശുപത്രിയില്‍ സേവനം അനുഷ്ടിച്ചിരുന്ന സൈനികനായ ടീ കെ സോമന് മൂന്നു ഏക്കര്‍ സ്ഥലം കാസര്‍കോട് അനുവദിച്ചു കൊണ്ട് അവിഭക്ത കണ്ണൂര്‍ ലാന്‍ഡ്‌ അസൈന്മെന്റ് അതോറിറ്റി ഉത്തരവ് പുറപ്പെടുവിച്ചത്. പട്ടാളത്തില്‍ സേവനം നടത്തുന്നവര്‍ക്ക് ഭൂമി അനുവദിച്ചു നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായിരുന്നു ഈ ഉത്തരവ്. എന്നാല്‍ അനുവദിക്കപ്പെട്ട ഭൂമിയുടെ കൈവകവകാശം കാണിച്ചു നാരായണ ഭട്ട് എന്ന തദേശ വാസിയായ ഒരു വ്യക്തി ഉള്‍പ്പെടെ മൂന്നുപേര്‍ കോടതിയെ സമീപിക്കുകയും പതിച്ചു നല്‍കിയ ഭൂമി അദ്ദേഹത്തിന് ഉപയോഗിക്കാന്‍ പറ്റാതെ പോവുകയും ചെയ്തു. തുടര്‍ന്ന് കലക്ടരുമായും , തഹസില്‍ ദാരുമായും സോമന്‍ പലവട്ടം ബന്ധപെട്ടുവെങ്കിലും , കോടതിയിലെ കേസ് തീര്‍പ്പായതിനു ശേഷം മാത്രമേ അനുവദിച്ച സ്ഥലത്തിന്റെ കരം അടച്ചു തുടങ്ങേണ്ടതുള്ളൂ എന്ന് അന്നത്തെ സ്പെഷ്യല്‍ തഹസീല്‍ധാര്‍ ഉത്തരവ് നല്‍കി. ഇന്ത്യന്‍ നീതീന്യായ വ്യവസ്ഥയിലെ തീര്‍പ്പുകല്‍പ്പിക്കാനുള്ള നീണ്ട കാലതാമസം നീതി നിഷേധിക്കുന്നതിന് തുല്യമാണ് എന്ന വാദത്തിനു അടിവരയും വിധം ഈ ഭൂമി സംബന്ധമായ കേസും നീണ്ടു പോയി .പിന്നീട് ഈ പട്ടാള ഉദ്യോഗസ്ഥന് പട്ടാള ആസ്ഥാനത്തെക്ക് സ്ഥലം മാറ്റം ലഭിച്ചതോടെ , സോമന് കോടതിയിലെ കേസില്‍ ശ്രദ്ധ വെക്കാന്‍ കഴിയാതെപോയി. അതിനിടയില്‍ നാരായണ ഭട്ടിന്റെ അന്യായം കോടതി തള്ളികൊണ്ട് ഉത്തരവായതും സോമന്‍ അറിയാന്‍ സാധിച്ചിരുന്നില്ല. 2005 ഇല്‍ കാസര്‍കോട്ടെ അഡ്വക്കേറ്റ് സദാനന്ദന്‍ മുഖേന വീണ്ടും കോടതിക്ക് അപേക്ഷ നല്‍കിയപ്പോലാണ് ഈ നാരായണ ഭട്ടിന്റെ അന്യായം തള്ളിയതായി കോടതി അദ്ധേഹത്തെ അറിയിച്ചത്. 2006 ജനുവരിയില്‍ കാസര്ഗോഡ് തഹസില്‍ദാര്‍ക്ക് ഈ വിവരം കാണിച്ചു അപേക്ഷ നല്‍കിയെങ്കിലും അതിന്മേല്‍ നടപടികള്‍ ഒന്നും തന്നെ ഉണ്ടായില്ല.

പിന്നീടാണ് ആലപ്പുഴ ഗസ്റ്റ് ഹൌസില്‍ ഉണ്ടായിരുന്ന തന്റെ ബന്ധു കൂടി ആയ മുഖ്യ മന്ത്രിയെ സോമന്‍ നേരില്‍ കണ്ടു പരാതി പെട്ടത് . കാസര്‍ഗോഡ്‌ കല്ലെക്ടര്‍ക്ക് പരാതി നല്‍കാന്‍ മുഖ്യ ന്ത്രി നിര്‍ദേശിച്ച പ്രകാരം, അദ്ദേഹം കാസര്ഗോഡ് കലക്റ്റര്‍ ആയിരുന്ന ആനന്ദ് സിങ്ങിനു പരാതി നല്‍കുകയാണ് ഉണ്ടായത്. സ്വാഭാവികമായും മുഖ്യമന്ത്രി കല്ലെക്ടര്‍ക്ക് വേണ്ട നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.

സോമന്‍ നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട അന്യെഷണത്തില്‍ , മുന്‍പ് അനുവദിച്ചു നല്‍കിയ മൂന്നു ഏക്കര്‍ ഭൂമി വേറെ കൈമാറ്റം ചെയ്യപ്പെട്ടു രേഖ ആയതായി കണ്ടെത്തി. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് അവകാശപെട്ട ഭൂമി അതെ വില്ലേജില്‍ മറ്റൊരിടത്ത് അനുവദിച്ചു നല്‍കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു . എന്നാല്‍ മൂന്നു ഏക്കറിന് പകരം രണ്ടു ഏക്കര്‍ മുപ്പത്തി മൂന്ന് സെന്റ്‌ മാത്രമായിരുന്നു അനുവദനീയ സ്ഥലം . സോമന്‍ ഈ സ്ഥലത്തിന്റെ നിശ്ചിത വിലയും കരവും നല്‍കിയാതോടെ അദ്ദേഹത്തിന് പട്ടയം അനുവദിച്ചു നല്‍കി.

പട്ടയ ഭൂമി ഇരുപത്തി അഞ്ചു വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന് രണ്ടായിരത്തി ഒന്‍പതില്‍ സര്‍ക്കാര്‍ , മൂന്നാര്‍ കയ്യേറ്റത്തിന്റെ പശ്ചാത്തലത്തില്‍ നിയമ ഭേദഗതി കൊണ്ട് വന്നിരുന്നു. 1997 ഇല് അദേഹത്തിന് ലഭ്യമാകേണ്ടി ഇരുന്ന കൈമാറ്റ അവകാശം ഉണ്ടായിരുന്ന ഭൂമി മൂന്ന് പതിടാണ്ടുകള്‍ അദേഹത്തിന് ഉപയോഗിക്കാന്‍ നിയമകുരുക്ക് മൂലം സാധ്യമായില്ലെന്നും, ആയതിനാല്‍ തന്നെ അന്ന് ഭൂമിക്കുമേല്‍ ഉണ്ടായിരുന്ന നിയമ വ്യവസ്ഥകളോടെ കൈമാറ്റ അവകാശം നല്‍കണം എന്നും , ഇനിയും ഒരു ഇരുപത്തി അഞ്ചു വര്‍ഷം കാത്തിരിക്കാന്‍ തനിക്കു ആയുസ് ഉണ്ടാകില്ലെന്നും കാണിച്ചു അദേഹം റവന്യു മന്ത്രിക്കു അപേക്ഷ നല്‍കി. ഈ അപേക്ഷയിന്മേല്‍ , ഇത് ഒരു പ്രത്യേക കേസായി പരിഗണിക്കാവുന്നതാണെന്നും ... ഭൂമി പതിവുച്ചട്ടം ഇരുപത്തി നാലില്‍ ഇത് വ്യവസ്ഥ ചെയ്തിടുള്ളതും ചൂണ്ടി കാട്ടി ലാന്‍ഡ്‌ റവന്യു കമ്മിഷണര്‍ ഈ ഫയല്‍ റവന്യു മന്ത്രി കെ പീ രാജേന്ദ്രന് സമര്‍പ്പിച്ചു. തുടര്‍ന്ന് മന്ത്രിസഭാ യോഗത്തില്‍ കൈമാറ്റ അവകാശം നല്‍കാനുള്ള തീരുമാനം കൈക്കൊള്ളുക ആയിരുന്നു . ഈ തീരുമാനത്തില്‍ റവന്യു വകുപ്പിന്റെ അതിക ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി നിവേദിത പീ ഹരിഹരന്‍ അതൃപ്തി അറിയിച്ചു.
ഈ ഫയല്‍ പരിഗണിച്ച റവന്യു മന്ത്രി കെ പീ രാജേന്രന്‍ , ഇദേഹത്തിന്റെ ആവശ്യം പ്രത്യേക പരിഗണ അര്‍ഹിക്കുന്നതാനെന്നും രണ്ടായിരത്തി ഒന്‍പതിലെ നിയമ ഭേദഗതിയില്‍ ‍ ഇളവു നല്‍കണം എന്നാണ് തന്റെ അഭിപ്രായം എന്നും കാണിച്ചു ഫയല്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു . ഉത്തരവ് പുറപ്പെടുവിക്കാന്‍ കുറിപ്പെഴുതി മുഖ്യമന്ത്രി ഫയല്‍ മടക്കി. തുടര്‍ന്ന് ഈ തീരുമാനത്തില്‍ അപാകത ഉണ്ടോ എന്നറിയാന്‍ നിയമവകുപ്പിന്റെ അഭിപ്രായം ആരായാന്‍ സമയം അനുവദിക്കുകയും . നിയമ ഇളവിനുള്ള മന്ത്രിസഭാ തീരുമാനം കൈക്കൊള്ളാന്‍ സര്‍ക്കാരിന് അവകാശം ഇല്ല എന്നാണ് നിയമോപദേശം എങ്കില്‍ ഈ തീരുമാനം റദ്ദു ചെയ്യേണ്ടതാണ് എന്ന കുറിപ്പെഴുതി ഫയല്‍ നിയമോപദേശത്തിന് വിട്ടു.
ഇത്രയുമാണ് വീ .എസ്‌ സര്‍ക്കാര്‍ ഭൂമി നല്‍കിയതുമായ ബന്തപെട്ട വിഷയത്തില്‍ കൈകാര്യം ചെയ്തത്. തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നിയമോപദേശം ഇല്ലാതെ തന്നെ ഭൂമി നല്കിയതും കൈമാറ്റത്തിന് അനുമതി നല്‍കിയതുമായ മന്ത്രിസഭാ തീരുമാനവും റദ്ദാക്കുകയും വിജിലന്‍സ് അന്യെഷണത്തിന് ഉത്തരവിടുകയുമായിരുന്നു.

തനിക്കു അനുവദിച്ച ഭൂമി റദ്ദ് ചെയ്ത സിര്‍ക്കാര്‍ തീരുമാനത്തിനെതിരെ സോമന്‍ വീണ്ടും കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ തീരുമാനം റദ്ദ് ചെയ്തു കോടതി സോമന്റെ ഭാഗം കേട്ട ശേഷം പതിനാല് ദിവസത്തിനകം തീരുമാനം എടുക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. എന്നാല്‍ സോമന്റെ ഭാഗം കേട്ട സര്‍ക്കാര്‍ കോടതി നിര്‍ദേശിച്ച പ്രകാരം ഇന്നും തീരുമാനം കൈക്കൊണ്ടിട്ടില്ല.

ഈ വിഷയത്തില്‍ ഉമ്മന്‍ചാണ്ടി സിര്‍ക്കരിന്റെ വാദം പൂര്‍ണ്ണമായും ശരിയായിരുന്നു എങ്കില്‍ , വീ എസ്‌ സര്‍ക്കാര്‍ അനധികൃതമായി നല്‍കിയ ഭൂമി തിരിച്ചു പിടിക്കുകയായിരുന്നില്ലേ സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടി ഇരുന്നത് എന്നത് ന്യായമായ സംശയം അല്ലെ? അനതികൃതമായി നല്‍കിയ ആ ഭൂമി തിരികെ പിടിച്ചു കൊണ്ട് അതിനു ഉത്തരവാദികള്‍ ആയവര്‍ക്ക് എതിരെ അന്വേഷണം പുറപ്പെടുവിക്കുന്ന രാഷ്ട്രീയ അന്തസല്ലേ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാണിക്കേണ്ടി ഇരുന്നത്. ? എന്തുകൊണ്ട് സര്‍ക്കാര്‍ അതിനു ശ്രമിക്കതിരുന്നു എന്ന സാമാന്യ ബോധമുള്ള കേരളീയന്റെ ചോദ്യം അടിവരയിടുന്നത് , യു ഡീ എഫ് സര്‍ക്കാരിന്റെ താല്‍ക്കാലിക ലക്ഷ്യം വെച്ചുള്ള തന്ത്രങ്ങളുടെ ഭാഗമാണ് ഈ ഭൂമി വിവാദം എന്ന വസ്തുതയ്ക്ക് തന്നെയാണ്. അതുകൊണ്ടുതന്നെയാണ് ഉമ്മന്‍ ചാണ്ടിയുടെ വിജിലെന്‍സ് എന്ന ചട്ടുകത്തിനു വീ എസ്‌ അച്ചുതാനന്ദന്‍ എന്ന കമ്മ്യൂണിസ്റ്റ്‌ നേതാവിനെ മറിച്ചിടാന്‍ ഉള്ള കരുത്തില്ലാതെ പോകുന്നതും.

Monday, March 21, 2011

അധിനീവേശത്തിന്റെ വഴികള്‍

ഒരിക്കല്‍ എന്റെ കാതില്‍ കിന്നാരം ചൊല്ലിയ
നാള്‍ മുതല്‍ ഞാന്‍ ബധിരനായി,
മിന്നി മറിഞ്ഞ വിസ്മയ കാഴ്ച്ചകല്‍ക്കൊടുവില്‍ ഞാന്‍ അന്ധനായി ,
ചായം തേച്ച കോപ്പുകള്‍ക്ക് പിന്നില്‍
എന്റെ നഗ്നത നീ തുറന്നു വച്ചു,
ചുട്ട ചുംബനങ്ങള്‍ എന്റെ സംവേധനത്വവും കരിച്ചെടുത്തു,
ഒടുവില്‍,
വിണ്ണിന്റെ കണ്ണീരില്‍ അമ്ലം നിറഞ്ഞ തെരുവില്‍ ,
ഒരു ശലഭം തല തല്ലി ചത്തു !
വരണ്ട പാടം നെഞ്ച് പിളര്‍ന്നു കരഞ്ഞു !
മെലിഞ്ഞ പുഴ തളര്‍ന്നുറങ്ങി !
അനാഥമായ ചൂണ്ടുപലകയില്‍
ചുവന്ന അക്ഷരങ്ങള്‍ അപ്പോഴും തുടിക്കുന്നു ..
ഒടുവില്‍,
നഗരം കത്തുന്ന നായാട്ടില്‍
ഞാന്‍ ഒന്ന് നിലവിളിക്കവേ ,
എന്റെ നാവിലും നിന്റെ ചൂണ്ട ..!!

Friday, February 18, 2011

അഭിനവ ഭാരതം.


ഇന്ന്,
ഇത് പുതിയ ഭാരതം !!
സ്വപ്‌നങ്ങള്‍ കൊണ്ട് അന്ധത വരിച്ച -
ഗാന്ധാരിയുടെ ഈറ്റില്ലം ..!!
മഞ്ഞ വരകളില്‍ മനം കുരുക്കുന്ന
രുഗ്വെതത്തിന്റെ തളിരുകള്‍ !! ,
പാശ്ചാത്യതയുടെ കരുക്കള്‍ നീക്കുന്ന ശകുനിമാര്‍ !
ജന്മ ഗേഹത്തെ പണയമാക്കുന്ന ധര്‍മപുത്രര്‍ -പാണ്ടവര്‍ !
ആത്മാവുകള്‍ അടയിരിക്കുന്ന അമ്പലങ്ങളില്‍
അശാന്തിയുടെ മണിമുഴക്കം ...!
നാളെ ,
അനീതിയുടെ ഹിമശ്രിന്ഗങ്ങളില്‍
വീണ്ടുമൊരു ധര്‍മയുദ്ധം ..!
നാഥനും നാളെയും വീണു ഓടുന്ഗീടവേ
ധര്‍മം ഇവിടെ ജയിച്ച്കാനാം .
ഓ.. ഇതാരുകാണാന്‍..!!!
തലമുറകളുടെ ചിതയെരിഞ്ഞ അസ്ഥി തറകളില്‍
നിന്റെ കാഴ്ചകള്‍ എന്നോ എരിഞ്ഞതല്ലേ...!!

Tuesday, November 9, 2010

എന്ടോസള്‍ഫാന്‍ - കാസറഗോഡ് സംഭവിച്ചതെന്ത് ? സംഭവിക്കുന്നത്‌എന്ത് ?




കാസര്ഗോഡ് ജില്ലയിലെ എന്റെ കൊച്ചു ഗ്രാമത്തിലെ കുട്ടിക്കാലത്തിലേക്ക് ഒന്ന് പിന്തിരിഞ്ഞു നോക്കിയപ്പോള്‍ വിസ്മൃതിയില്‍ ആകാത്ത ഒരു കാഴ്ചയുണ്ട്. ഇരമ്പുന്ന ശബ്ദ ഘോഷങ്ങളുമായി തലങ്ങും വിലങ്ങും കൈ എത്തും ഉയരത്തിലൂടെ പറന്നു പോകുന്ന കൂറ്റന്‍ ഹെലികോപ്ടറുകള്‍ .അന്ന് ശബ്ദ മുഖരിതമായ ആ കാഴ്ചകള്‍ കുട്ടിക്കാലത്തിന്റെ ആവേശം ആയിരുന്നു എങ്കില്‍, ഇരുപത്തി അഞ്ച്‌ വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍‌ തിരിച്ചറിയുന്നു,കാസര്ഗോഡ് ജില്ലയിലെ നാലായിരത്തി അഞ്ഞൂറോളം ഏക്കര്‍ വരുന്ന സര്‍ക്കാര്‍ വക കശുമാവിന്‍ തോട്ടങ്ങളുടെ പരിസരങ്ങലില്‍ പതിനൊന് പഞ്ചായത്തുകളില്‍ ആയി ജീവിക്കുന്ന അയ്യായിരത്തില്‍ ഏറെ വരുന്ന പാവപ്പെട്ട ജനങ്ങളുടെ ഒരിക്കലും അവസാനിക്കാത്ത നിലവിളികളുടെ തുടക്കം ആയിരുന്നു ആ ആരവങ്ങള്‍ എന്ന്.
ആറു വര്‍ഷങ്ങള്‍ക്കപ്പുറം കാസര്ഗോഡ് ജില്ലയിലെ എന്ടോസള്‍ഫാന്‍ ബാതിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ഒരു സംഘടനയുമായി ബന്തപെട്ടു അവസരം ലഭിച്ചപ്പോള്‍ ഞങ്ങള്‍ കണ്ട കരളലിയിപ്പിക്കുന്ന കാഴ്ചകള്‍, ഈ മേഘയിലെ എന്ടോസള്‍ഫാന്‍ ദുരന്തത്തിനെ കുറിച്ച് മാധ്യമങ്ങള്‍ പുറം ലോകത്തിനു കാണിച്ചു കൊടുത്തതിന്റെ എത്രയോ മടങ്ങ്‌ ബീകരമായിരുന്നു. വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ ആകാത്ത ഹൃദയ ഭേദകമായ കാഴ്ചകള്‍. തലമാത്രം വളര്‍ന്നു വീര്‍ത്ത പിഞ്ചു കുഞ്ഞുങ്ങള്‍...ജനിച്ച നാള്‍ മുതല്‍ നിര്‍ത്താതെ വര്‍ഷങ്ങളായി കരഞ്ഞു കൊണ്ടിരിക്കുന്ന കുഞ്ഞ്‌ .. കണ്ണും നാവും ഇല്ലാത്ത ബാല്യങ്ങള്‍ .. ജനിച്ചശേഷം ഒരിക്കല്‍ പോലും നിവര്‍ന്നു നിക്കാന്‍ ആകാതെ ഇന്നും തറയില്‍ ഇഴയുന്ന യൌവങ്ങള്‍ .. മാനസിക വൈകല്യം ബാധിച്ചു പിച്ചും പേയും പറയുന്നവര്‍.. പലതരത്തിലുള്ള അര്‍ബുദം ബാധിച്ചവര്‍ .. ദേഹമാസകലം പൊട്ടി പഴുത്ത വൃണങ്ങളുമായി ജീവിതത്തോട് മല്ലടിക്കുന്നവര്‍.മാംസ പിന്ടങ്ങളെ മാത്രം ഗര്‍ഭം ധരിക്കാന്‍ വിധിക്കപെട്ട യുവതികള്‍ ..അപസ്മാര രോഗികള്‍ . സഹോദരങ്ങളുടെ നിസ്സഹായ അവസ്ഥയില്‍ മനം നൊന്തു ആത്മഹത്യക്ക് ഇറങ്ങിയ കൌമാരങ്ങള്‍ .. യുവത്വത്തില്‍ എത്തിയ മകന്റെ പാതി നിലച്ച ശരീരം തോളില്‍ ഏറ്റി പൊട്ടിക്കരയുന്ന അമ്മമാര്‍.!!നീണ്ട ഇരുപതു വര്‍ഷക്കാലം എന്ടോസള്‍ഫാന്‍ എന്ന മാരക വിഷം ഒരു ജനതയുടെ മേല്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് തളിച്ചതിന്റെ ബാകി പത്രങ്ങളുടെ ഒരു ചെറിയ ചിത്രമായിരുന്നു അത് . രാജപുരം , ചീമേനി .പുല്ലൂര്‍ പെരിയ പഞ്ചായത്തുകള്‍ സന്ദര്‍ശിച്ചു ഞങ്ങള്‍ ഭാഷാ ന്യുന പക്ഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന വടക്കന്‍ കാസര്ഗോടിലെത്തി, പദ്രയിലെയും എന്മാകജെയിലെയും മുല്ലെരിയയിലെയും ബെല്ലുരിലെയും പട്ടിണി പാവങ്ങള്‍ ആയി തീര്‍ന്ന രോഗികള്‍ ഞങ്ങളോട് സംവദിച്ച ഭാഷ കന്നടയോ തുളുവോ ആയിരുന്നില്ല , അത് കണ്ണീരിന്റെയും വേദനയുടെയും നിസാഹയതയുടെയും ഭാഷയായിരുന്നു ..നീണ്ട മുപ്പതു വര്‍ഷങ്ങളായിട്ടും കേന്ത്രതിലെയും കേരളത്തിലെയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മനസിലകാതിരുന്ന സാധാരണക്കാരന്റെ ഭാഷ.

ആയിരത്തി തൊള്ളായിരത്തി എഴുപതുകളുടെ അവസാന പാദത്തില്‍ തന്നെ സര്‍ക്കാര്‍ കശുവണ്ടി തോട്ടങ്ങളില്‍ കീട നിയന്ത്രണത്തിനായി എന്ടോസള്‍ഫാന്‍ ഉപയോഗിച്ച് തുടങ്ങി ഇരുന്നു എങ്കിലും,എന്പതുകളോടെ അത് കാസര്ഗോടിന്റെ പതിനൊന്നു പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന കശുമാവിന്‍ തോട്ടങ്ങളില്‍ വ്യാപകമായ രീതിയില്‍ ഉപയോഗിച്ച് തുടങ്ങി.ഇരുപതു വര്‍ഷക്കാലം തുടര്‍ച്ചയായി നടത്തിയ ഈ കീടനാശിനി പ്രയോഗം ഈ മേഘയിലെ മണ്ണും വായുവും ജലാശയങ്ങളും വിഷളിപ്തമാക്കി. തലമുറകളുടെ ജനിതക ഘടനയെ തന്നെ സാരമായി ബാധിച്ചു. ആയിരങ്ങളെ കശാപുചെയ്തു.. അതിലേറെ പേരെ നിത്യ രോഗികളാക്കി തീര്‍ത്തു.മസ്തിഷ്കവും നാടി ഞരമ്പുകളും തളര്‍ത്തി ഇട്ടു..എന്തിനു,ഗര്‍ഭ പാത്രവും മുലപ്പാലും വരെ വിഷമയമാക്കിയെന്നു പിന്നീട് വന്ന പഠനങ്ങള്‍ അടി വരയിട്ടു സമര്‍തതിച്ചു

കാസര്ഗോഡ് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ കശുമാവ് തോട്ടങ്ങളിലും ഹെലികപ്ടോര്‍ സംവിധാനം ഉപയോഗിച്ചുള്ള ഏരിയല്‍ സ്പ്രേയിംഗ് സിസ്റ്റം ആണ് കീടനാശിനി പ്രയോഗത്തിനായി പിന്തുടര്‍ന്ന് പോന്നത്. ഇത്തരത്തില്‍ മാരകമായ കീടനാശിനികള്‍ തളിക്കുംപോള്‍ പാലിക്കേണ്ട ഗവര്‍മെന്റ് മനധണ്ടാങ്ങളെ കാറ്റില്‍ പറതിക്കൊണ്ടായിരുന്നു ഇരുപതു വര്‍ഷക്കാലം ഒരു ജനതയുടെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും മേലെ സര്‍ക്കാര്‍ എജെന്സികള്‍ തന്നെ വിഷം ചീറ്റിയത്.കീട നാശിനിയുടെ ഘാടതയിലും,ഹെലികപ്ടോര്‍ സംവിധാനം ഉപയോഗിച്ച് എന്ടോ സുല്ഫന്‍ തളിക്കുംപോള്‍ പാലിക്കേണ്ട ഉയരത്തിന്റെ കാര്യത്തിലുമുള്ള സാമാന്യ നിയമങ്ങള്‍ എങ്കിലും സര്‍ക്കാര്‍ പാലിച്ചിരുന്നു എങ്കില്‍,കാസര്ഗോടിന്റെ ദുരന്തത്തിന്റെ ഇന്നത്തെ വ്യാപ്തി എങ്കിലും കുറയ്ക്കാം ആയിരുന്നു. പകരം,അതി ഘാട്തയുള്ള എന്ടോസള്‍ഫാന്‍ നിയന്ത്രിതമായ ഉയരത്തിലും പതിന്‍ മടങ്ങ്‌ മേലെ നിന്ന് ഹെലികപ്ടോര്‍ ഉപയോഗിച്ച് തളിച്ചപ്പോള്‍ കാറ്റില്‍ പറന്ന കീടനാശിനി കിലോ മീറ്ററുകള്‍ ചുറ്റളവില്‍ ഉള്ള അന്തരീക്ഷത്തെയും മണ്ണിനെയും കുടി വെള്ള സ്രോതസുകളെയും വിഷലിപ്തമക്കുകയായിരുന്നു.ഒന്നു രണ്ടു ദിവസങ്ങള്‍ അല്ല.. നീണ്ട ഇരുപതു വര്‍ഷങ്ങള്‍ !! കാസര്‍ഗോഡ്‌ ജില്ലയിലെ സവിശേഷമായ ഭൂഘടന ഉയര്‍ന്ന പ്രതേശങ്ങളില്‍ തളിച്ച മാരക വിഷം താഴ്വരങ്ങളിലെ ജലസ്രോതസുകളിലേക്ക് വളരെ വേഗത്തില്‍ ഒലിച്ചിറങ്ങാന്‍ ഇടയാക്കിയത് ഇവിടുത്തെ ദുരന്തത്തിന് വേഗതയും ആഴവും വര്‍ധിപ്പിച്ചു.

ഇരുപതു വര്‍ഷത്തെ കണക്കെടുത്ത് പരിശോദിച്ചാല്‍ ഈ പ്രദേശത്ത് ജനിതക രോഗങ്ങളും മാരകമായ അര്ബുദങ്ങളും,പേരറിയാത്ത മറ്റു നിരവധി രോഗങ്ങളും ബാധിച്ചു മരിച്ചവരുടെ എണ്ണം ദേശീയ ശരാശരിയുടെ എത്രയോ മടങ്ങ്‌ വലുതാണ്. കണക്കു കളില്‍ പെടാതെ മരിച്ച ഗര്‍ഭസ്ഥ ശിശുക്കളുടെയും, നവജാത ശിശുക്കളുടെയും എണ്ണം വേറെ ഉണ്ട്. വേദനയും മാനസിക പിരിമുറുക്കവും മൂലം ആത്മഹത്യയില്‍ അഭയം തേടിയ മറ്റൊരു വലിയ സംഖ്യ കണക്കുകള്‍ക്ക്‌ പുറത്തുണ്ട്.ഇവയ്ക്കെല്ലാം ഉപരിയായി ജീവ്ച്ചവങ്ങളായി മരണത്തോട് മല്ലടിച്ചുകൊണ്ട് ജീവിക്കുന്ന നിത്യ രോഗികളുടെ വലിയ എണ്ണവും കൂട്ടി ചേര്‍ത്ത് വായിക്കുമ്പോള്‍ കാസര്‍ഗോട്ടെ എന്ടോ സുല്ഫാന്‍ ദുരന്തത്തിന്റെ ആഴവും പരപ്പും വ്യക്തമാകും.
എന്ടോ സുല്ഫാന്‍ ഉപയോഗിച്ച് തുടങ്ങിയ ആദ്യ കാലങ്ങളില്‍ തന്നെ പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കൃഷി ഓഫീസര്‍ ആയിരുന്ന ശ്രീമതി ലീലാകുമാരി,ഈ പ്രദേശത്തെ ജനിതക വൈകല്യങ്ങള്‍ നിരീക്ഷികുകയും അസ്വാഭാവികമായ ആരോഗ്യ പ്രശ്നങ്ങള്‍ പൊതുജന ശ്രദ്ധയില്‍ കൊണ്ട് വന്നതുമാണ്. അതോടൊപ്പം തന്നെ എന്മാകജയിലെ ഡോക്ടര്‍ മോഹന്‍ കുമാര്‍ തന്റെ പ്രദേശത്തെ രോഗികളെ നിരന്തരം നിരീക്ഷിച്ചു കൊണ്ട്,അവരിലുണ്ടാകുന്ന അസ്വാഭാവികമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് എന്ടോസള്‍ഫാന്‍ കാരണമാകുന്നു എന്ന് മെഡിക്കല്‍ മാഗസിനുകളില്‍ റിപ്പോര്‍ട്ട്‌ ചെയ്തതാണ്. പിന്നീടു ഇങ്ങോട്ട് നിരവധി സര്‍വേകള്‍.. റിപ്പോര്‍ട്ടുകള്‍ ..
INTACH റിസേര്‍ച് അസോസിയേറ്റ് എസ്‌.ഉഷ നടത്തിയ പഠനത്തിലും,SEEK( SOCIETY FOR ENVIORNMENTAL EDUCATION IN KERALA ) പഠനത്തിലും,"തണല്‍" പരിസ്ഥിതി സംഘടന നടത്തിയ പഠനത്തിലും സര്‍ക്കാര്‍ എജെന്സിയായ National Institute Of Occupational Health (NIOH) നടത്തിയ പഠനങ്ങളിലും എന്‍ഡോസള്‍ഫാന്‍ ഈ പ്രതേശത്തെ ആവാസ വ്യസ്ഥയെ എത്രകണ്ട് പ്രതികൂലമായി ഭാതിച്ചിരിക്കുന്നു എന്ന് വിശദമായ റിപോര്ടുകളോടെ സമര്തിച്ചതാണ്.

സ്ഥിതിഗതികള്‍ ഇതൊക്കെ ആയിട്ടും കേരളത്തിലെയും കേന്ത്രതിലെയും ഉത്തരവധപെട്ട സക്കാര്‍ സംവിധാനങ്ങള്‍ മൌനം പാലിക്കുന്നത് എന്തുകൊണ്ട്? സര്‍ക്കാര്‍ എജെന്സികള്‍ നേരിട്ട് ഇടപെട്ടു നടത്തിയ ഈ വിഷം ചീട്ടലിന്റെ അന്യേഷണ-പഠനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ രണ്ടു ദശക കാലമായിട്ടും എന്ത് കൊണ്ട് സാധ്യമാകുന്നില്ല?
സര്‍ക്കാര്‍- നിയന്ത്രണത്തിലും അല്ലാത്തതുമായ സംവിധാങ്ങള്‍ നടത്തിയ പഠന റിപ്പോര്‍ട്ടുകള്‍ എന്തുകൊണ്ട് സര്‍ക്കാര്‍ മുഘവിലക്കെടുക്കുന്നില്ല?
വീണ്ടും ഒരു പഠനം കൂടി നടത്തികൊണ്ട്,പുനരധിവാസത്തിനും ചികിത്സക്കും ഈ നാടിലെ രോഗ ബാതിതര്‍ക്ക് കിട്ടേണ്ട സഹായങ്ങളെ നീട്ടി കൊണ്ട് പോകുന്നതും,സര്‍ക്കാര്‍ എന്ടോസള്‍ഫാന്റെ നാവായി മാറുന്നതും ആരുടെ താല്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് ?
ഉത്തരം ലളിതമാണ് ,ഇന്ത്യയിലെ ഭരണ സംവിധങ്ങളുടെയും ജനസേവകര്‍ എന്ന് അവകാശപെടുന്ന രാഷ്ട്രീയ നേതാക്കളുടെയും കണ്ണുകള്‍ കേന്ത്രീകരിചിരിക്കുന്നതു കോടിക്കണക്കിനു രൂപയുടെ മൂലധനമുള്ള എന്ടോസള്‍ഫാന്‍ കമ്പനിയുടെലാബവിഹിതത്തിലേക്ക് ആണ്. അതുകൊണ്ട് തന്നെയാണ് കാസര്ഗോടിന്റെ മണ്ണില്‍ വെച്ച് കഥയറിയാതെ ആട്ടം കണ്ട മന്ത്രി കെ വി തോമസ്‌ എന്ടോസല്ഫന്റെ സ്തുതി പാടകന്‍ ആയത്.അതുകൊണ്ട് തന്നെയാണ് ലോക രാജ്യങ്ങള്‍ എല്ലാം തന്നെ എന്ടോസള്‍ഫാന്‍ നിരോധനം ആവശ്യപെട്ടപ്പോള്‍, ജനീവയില്‍ ജാനാതി പത്യ ഇന്ത്യ നാണം കെട്ടുകൊണ്ട് എന്ടോസള്‍ഫാന്റെ വക്താവായി സംസാരിച്ചതും.

മുപ്പതു വര്‍ഷം നീണ്ട ഇടവേളയില്‍ കേന്ദ്രവും കേരളവും വിവിധ രാഷ്ട്രീയ കക്ഷികള്‍ മാറി മാറി ഭരിച്ചപ്പോളും , കാസര്ഗോടിന്റെ ഈ ദുരവസ്തയോട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്നു.ആണ്ടു നേര്ച്ചപോലെ കാസര്‍ഗോഡ് ഹോസങ്ങടി മുതല്‍ തിരുവനതം വരെ തേരോട്ടം നടത്തുന്ന രാഷ്ട്രീയ നതാക്കള്‍ അവര്‍ കാസര്ഗോടിലൂടെ കടന്നുപോയപ്പോള്‍ ഇരു വശങ്ങളില്‍ നിന്നും കാലങ്ങളായി ഉയരുന്ന ഈ നിത്യ രോഗികളുടെ നിലവിളികള്‍ക്കു എന്നെകിലും ക്കാത് കൊടുതിടുണ്ടോ? ഉണ്ടായിരുന്നു എങ്കില്‍,നിത്യരോഗികളും പട്ടിണി പാവങ്ങളും ആയി തീര്‍ന്ന ഈ ജനവിഭാഗത്തിന്റെ പുനരധിവാസത്തിനും തുടര്‍ ചികിത്സയ്ക്കും വേണ്ട വാതിലുകള്‍ തുറന്നു കിട്ടാന്‍ നീണ്ട ഇരുപതു വര്‍ഷ കാലമായി തുടരുന്ന കാത്തിരുപ്പ്,ഇപ്പോളും തുടരേണ്ടി വരുമായിരുന്നില്ല.
എന്നിട്ടും,തളര്‍ന്നു വീണ രോഗിയുടെ ശരീരം പൊക്കിയെടുത്തു പോളിംഗ് ബൂത്തിലെ വോട്ടാക്കി മാറ്റുന്ന നെറികേടിന്റെ രാഷ്ട്രീയമാണ് കാസര്ഗോടിന്റെ ദുരന്തം ഇത്രയ്ക്കും തീവ്രമാക്കിയത്. വോട്ടു ബാങ്കുകള്‍ മാത്രം ലക്‌ഷ്യം വെക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്‌,മനുഷ്യത്വത്തിന്റെ അംശങ്ങള്‍ നഷ്ടമായതിന്റെ ബഹിര്സ്പുരണങ്ങള്‍ തന്നെയാണ് അവസാനമായി ഒരു മന്ത്രി പുങ്ങവനിലൂടെ ശ്രവിക്കനായതും.
കാസര്ഗോടിന്റെ ദുരന്തത്തിന് എന്ടോസള്‍ഫാന്‍ കാരണമല്ല എന്ന് ജനസേവകര്‍ എന്ന് പറയുന്ന രാഷ്ട്രീയ നേതാക്കളും , പാരിസ്ഥിതി ശാസ്ത്രജ്ഞര്‍ എന്ന് വിളിക്കപെടുന്ന ഒരു പറ്റം കീടനാശിനി കമ്പനികളുടെ ദല്ലാളന്മാരും ഇനിയും ആണ ഇട്ടേക്കാം "എന്ടോ സുല്ഫാന്‍ ആണ് രോഗ കാരണം എന്ന് നിങ്ങള്‍ തെളിയിക്കു " എന്ന് മല്ലനെ പോലെ ഇവര്‍ പാവങ്ങളായ രോഗികളെ നോക്കി വെല്ലു വിളിച്ചേക്കാം! വിവിധ സര്‍ക്കാര്‍ എജെന്സികളുടെ വിശ്വാസ യോഗ്യമായ നിഷ്പക്ഷ റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തിവെച്ചു കൊണ്ട് ഇനിയും ഒരു ദുബായ് കമ്മിറ്റിയെ കൊണ്ട് അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും വിളിച്ചു പറയിചെക്കാം. അവരോടു ഈ പാവപെട്ട രോഗികള്‍ക്ക് തിരിച്ചു ഒന്ന് മാത്രമേ ചോദിയ്ക്കാന്‍ ഉള്ളൂ- "ഞങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനെ കവര്‍ന്നെടുത്തതും,അമ്മയുടെ വയറ്റിനുള്ളില്‍ വെച്ചേ ഞങ്ങളെ രോഗിയാകിയതും സര്‍ക്കാരും എന്ടോസല്ഫാനും ചേര്‍ന്ന് അല്ലെന്നു തെളിയിക്കാന്‍ നിങ്ങള്‍ക്കാവുമോ ?? " ആവുമെങ്കില്‍ ആ ചങ്കൂറ്റം എങ്കിലും സര്‍ക്കാര്‍ കാണിക്കട്ടെ.

ബോപാലില്‍ യുനിയന്‍ കാര്‍ബൈഡ് ഫാക്ടറി നടത്തിയതും,ഒറീസയില്‍ വേതാന്ത നടത്തികൊണ്ടിരിക്കുന്നതുമായ സമാനമായ പരിസ്ഥിതി ആരോഗ്യ പ്രശ്നങ്ങളോട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കാള്‍ ശ്രദ്ധ അര്‍ഹിക്കെണ്ടാതാണ് കാസര്ഗോടിന്റെ എന്ടോസള്‍ഫാന്‍ ദുരന്തം.കാരണം,ഇത് സര്‍ക്കാര്‍ തന്നെ സര്‍ക്കാര്‍ സംവിധാങ്ങള്‍ ഉപയോഗിച്ച നടത്തിയ മനുഷ്യ കുരുതിയാണ്.എന്നിട്ടും എന്തുകൊണ്ട് ഒരു മന്ത്രിയുടെ വിടുവായത്തം പോലുള്ള സംഭവങ്ങളില്‍ കൂടി മാത്രം ഈ പ്രശ്നം മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു? ദരിദ്രരും പട്ടിണി പാവങ്ങളും,ഉന്നത വിദ്യാഭ്യാസം ഇല്ലാത്തവരുമായ ഈ പ്രദേശത്തെ ജനങ്ങള്‍ക്ക്‌ ഇന്ത്യന്‍ പൌരന്‍ എന്നുള്ള വില നല്‍കാന്‍ എന്തുകൊണ്ട് കാലതാമസം വരുന്നു? എന്തുകൊണ്ട് അധികാര വര്‍ഗത്തിന് കാസര്ഗോടിന്റെ നിലവിളി അരോചകം ആകുന്നു? മറ്റു വിദേശരാജ്യങ്ങള്‍ നിരോധനO എര്പെടുതുംപോളും ഇന്ത്യക്ക് മാത്രം എന്ടോസള്‍ഫാന്‍ എന്തുകൊണ്ട് പ്രിയങ്കരന്‍ ആകുന്നു ?

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ബാധ്യസ്തന്‍ ആയ മന്ത്രി പുങ്ങവന്മാര്‍ അവരോടു സഹതാപിക്കേണ്ട ..മറിച്ച് കൊഞ്ഞനം കുത്തരുത്, അവരുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പരുത്.നീതി ബോധം ഇല്ലാത്ത രാജാക്കന്മാര്‍ ഓര്‍ക്കുക, കക്ഷി രാഷ്ട്രീയത്തിന്റെ കപടത ഇല്ലാത്ത പരിസ്ഥിതി - മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സമര പ്രതിരോധങ്ങളിലൂടെ ഞങ്ങള്‍ ഈ സമൂഹത്തിനെ പുനസൃഷ്ടിക്കും- ഒര്പാട് തവണ തകര്‍ക്ക പെട്ട ബാബിലോണ പിന്നെയും പണിത് ഉയര്‍ത്തിയത്‌ ആരാണ്?? കല്ല്‌ ചുമന്നതും ഭാരം വലിച്ചതും രാജാകന്മാര്‍ ആയിരുന്നില്ലലോ..!!